ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള നിങ്ങളുടെ സൃഷ്ടികളും ഫോട്ടോകളും മറ്റും kstaperintalmannasdc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്കുക.For More Details Please Call 09961986272
പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക , സാമൂഹ്യ നന്മകള്‍ വീണ്ടെടുക്കുക

Monday 18 February 2013

ദേശീയപണിമുടക്ക് വന്‍വിജയമാക്കുക


ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയപണിമുടക്ക് വന്‍വിജയമാക്കാന്‍ സംസ്ഥാന സംയുക്ത ട്രേഡ്യൂണിയന്‍ സമിതി അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ബാങ്ക്-ഇന്‍ഷൂറന്‍സ്-പ്രതിരോധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും ഒരുമിച്ച് 48മണിക്കൂര്‍ പണിമുടക്കുന്നതെന്ന് വിവിധ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍വീസ്, അധ്യാപക സംഘടനകളും സംസ്ഥാനതല ട്രേഡ് യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി അഫിലിയേഷന്‍ ഇല്ലാത്ത സ്വതന്ത്ര സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ആശുപത്രി, പത്രം, പാല്‍ എന്നിവ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാപാരി വ്യവസായി സംഘടനകള്‍ കടകമ്പോളങ്ങള്‍ അടച്ചും പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കിയും പണിമുടക്കുമായി സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടു ദിവസത്തെ പണിമുടക്ക്. പണിമുടക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. കേന്ദ്രനയങ്ങള്‍ സംസ്ഥാനങ്ങള കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വൈദ്യുതി, കെഎസ്ആര്‍ടിസി പ്രതിസന്ധി ഇതിന് ഉദാഹരണമാണ്. തൊഴിലാളികള്‍ സമരം ചെയ്തു നേടിയെടുത്ത ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്. വിലക്കയറ്റം തടയുക, തൊഴിലും തൊഴില്‍ശാലകളും സംരക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഉറപ്പുവരുത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത്, താല്‍ക്കാലിക- കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരംജീവനക്കാരുടെ വേതനം നല്‍കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

എളമരം കരീം (സിഐടിയു), കാനം രാജേന്ദ്രന്‍ (എഐടിയുസി), അഡ്വ. സുബോധനന്‍(ഐഎന്‍ടിയുസി), അഡ്വ. എം എസ് കരുണാകരന്‍ (ബിഎംഎസ്), അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്ടിയു),എം കെ കണ്ണന്‍ (എച്ച്എംഎസ്), സി കെ ലൂക്കോസ് (എഐയുടിയുസി), അഡ്വ. ഫിലിപ് കെ തോമസ് (യുടിയുസി), എ പി അനില്‍കുമാര്‍ (ടിയുസിസി), സോണിയ ജോര്‍ജ്ജ് (സേവ), ചാര്‍സ് ജോര്‍ജ്ജ് (ടിയുസിഐ), ഉഴവൂര്‍ വിജയന്‍(എന്‍എല്‍സി), എം ഉണ്ണികൃഷ്ണന്‍(ഐഎന്‍എല്‍സി), എ എ എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.