ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള നിങ്ങളുടെ സൃഷ്ടികളും ഫോട്ടോകളും മറ്റും kstaperintalmannasdc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്കുക.For More Details Please Call 09961986272
പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക , സാമൂഹ്യ നന്മകള്‍ വീണ്ടെടുക്കുക

Saturday 28 December 2013

KSTA പെരിന്തല്‍മണ്ണ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന LSS/USS പരിശീലന പരിപാടി ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. അലി അക്ബര്‍ ഉദ്ഘാടനം ചെയ്യുന്നു.പെരിന്തല്‍മണ്ണ,താഴേക്കോട്,ആനമങ്ങാട്,ചെറുകര,പുലാമന്തോള്‍ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നത്.

Wednesday 21 August 2013



KSTA

ഉപജില്ലാ കലാവേദി, പെരിന്തല്‍മണ്ണ

ഓണവില്ല് 2013


പ്രിയരെ,
      കേരളത്തിലെ അധ്യാപക സമൂഹത്തെ അവകാശബോധവും കര്‍ത്തവ്യബോധവും ഉള്ളവരാക്കി മാറ്റുന്നതില്‍ കെ. എസ്. ടി. എ വഹിച്ചിട്ടുള്ള പങ്ക് സംസ്ഥാനത്തിന്റെ വിദ്യഭ്യാസ ചരിത്രത്തോട് ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. ആധ്യാപകരുടെ സര്‍ഗാത്മകതയേയും കലയേയും പരിപോഷിപ്പിക്കുന്നതിനുള്ള വഴികളും സംഘടന എക്കാലത്തും തുരന്നുവെച്ചിട്ടുണ്ട്. ഇതിനായി പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് കെ. എസ്. ടി. എ കലാവേദി. മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കലാവേദി സംഘടിപ്പിച്ചു കഴിഞ്ഞു.
           മാനവരെല്ലാമൊന്നുപോലെ വാഴുന്ന സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ മലയാളിക്ക് തന്റെ കാല്‍പനികതയോടു ചേര്‍ത്തുവെയ്ക്കാന്‍ അവസരമൊരുക്കുന്ന ഉത്സവമാണ് ഓണം. ഇത്തവണ ഓണത്തെ വര്‍ണ്ണാഭമായ അനുഭവമാക്കിമാറ്റുന്നതിനുള്ള പരിപാടികളാണ് കെ. എസ്. ടി. എ പെരിന്തല്‍മണ്ണ ഉപജില്ലാ കലാവേദി ഒരുക്കുന്നത്.
          2013 സെപ്തംബര്‍ 8 ഞായറാഴ്ച, അത്തദിനത്തില്‍ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളിലൊരുക്കുന്ന ഓണവില്ല് 2013-ലേക്ക്, പങ്കാളികളും ആസ്വാദകരുമായി, മുഴുവന്‍ അധ്യാപികാധ്യാപക സുഹൃത്തുക്കളേയും കുടുംബസമേതം ഞങ്ങള്‍ ക്ഷണിക്കുന്നു. ഈ ദിവസം മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരുമയുടെ കണ്ണികളാകാന്‍ നമുക്ക് ഒത്തു ചേരാം.
                                             സ്നേഹപൂര്‍വ്വം,
                                            അജിത് മോന്‍.കെ.ജെ.                                 
(ചെയര്‍മാന്‍)
ദേവിക.പി.വി. 
                                                         (കണ്‍വീനര്‍ )                                                                                       

Monday 18 February 2013

ദേശീയപണിമുടക്ക് വന്‍വിജയമാക്കുക


ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ദേശീയപണിമുടക്ക് വന്‍വിജയമാക്കാന്‍ സംസ്ഥാന സംയുക്ത ട്രേഡ്യൂണിയന്‍ സമിതി അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ബാങ്ക്-ഇന്‍ഷൂറന്‍സ്-പ്രതിരോധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും ഒരുമിച്ച് 48മണിക്കൂര്‍ പണിമുടക്കുന്നതെന്ന് വിവിധ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍വീസ്, അധ്യാപക സംഘടനകളും സംസ്ഥാനതല ട്രേഡ് യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി അഫിലിയേഷന്‍ ഇല്ലാത്ത സ്വതന്ത്ര സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. ആശുപത്രി, പത്രം, പാല്‍ എന്നിവ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാപാരി വ്യവസായി സംഘടനകള്‍ കടകമ്പോളങ്ങള്‍ അടച്ചും പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കിയും പണിമുടക്കുമായി സഹകരിക്കണമെന്ന് സമിതി അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിദ്രോഹ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടു ദിവസത്തെ പണിമുടക്ക്. പണിമുടക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. കേന്ദ്രനയങ്ങള്‍ സംസ്ഥാനങ്ങള കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വൈദ്യുതി, കെഎസ്ആര്‍ടിസി പ്രതിസന്ധി ഇതിന് ഉദാഹരണമാണ്. തൊഴിലാളികള്‍ സമരം ചെയ്തു നേടിയെടുത്ത ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്. വിലക്കയറ്റം തടയുക, തൊഴിലും തൊഴില്‍ശാലകളും സംരക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഉറപ്പുവരുത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത്, താല്‍ക്കാലിക- കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരംജീവനക്കാരുടെ വേതനം നല്‍കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

എളമരം കരീം (സിഐടിയു), കാനം രാജേന്ദ്രന്‍ (എഐടിയുസി), അഡ്വ. സുബോധനന്‍(ഐഎന്‍ടിയുസി), അഡ്വ. എം എസ് കരുണാകരന്‍ (ബിഎംഎസ്), അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്ടിയു),എം കെ കണ്ണന്‍ (എച്ച്എംഎസ്), സി കെ ലൂക്കോസ് (എഐയുടിയുസി), അഡ്വ. ഫിലിപ് കെ തോമസ് (യുടിയുസി), എ പി അനില്‍കുമാര്‍ (ടിയുസിസി), സോണിയ ജോര്‍ജ്ജ് (സേവ), ചാര്‍സ് ജോര്‍ജ്ജ് (ടിയുസിഐ), ഉഴവൂര്‍ വിജയന്‍(എന്‍എല്‍സി), എം ഉണ്ണികൃഷ്ണന്‍(ഐഎന്‍എല്‍സി), എ എ എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday 13 January 2013


 ജീവനക്കാരുടെ ആറു ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്കം ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് താല്ക്കാലികമായി പിന്‍വലിച്ചു.

മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തും..
ട്രഷറിയില്‍ നിക്ഷേപിക്കുന്നതിനായി കേന്ദ്രത്തെ സമീപിക്കും.
കലോത്സവവുമായി സഹകരിക്കും.
ക്രിമിനല്‍ കേസുകളൊഴികെയുള്ളവ പിന്‍വലിക്കും.
പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും.

പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല..
കൂടുതല്‍ യോജിച്ച പോരാട്ടത്തിനായി ശ്രമിക്കും..

Tuesday 8 January 2013


സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത് എന്തിനുവേണ്ടി?

     കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പളകമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക - അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കം.

    സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുസമൂഹത്തിന്റെ ഭാഗം തന്നെയാണ്. അതേസമയം അവര്‍ക്ക് പ്രത്യേകമായ കടമകളും ജോലിവിഭജനവും സേവന-വേതന ഘടനയും നിലവിലുണ്ട്. സര്‍വീസിലുള്ള ഓരോ തസ്തികയുടെയും നിയമനം എങ്ങനെയായിരിക്കണം, യോഗ്യത എന്തായിരിക്കണം, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എപ്രകാരമാകണം, പ്രായപരിധി എന്താകണം തുടങ്ങിയ കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. അതിനാവശ്യമായ സ്‌പെഷ്യല്‍ റൂളുകള്‍ക്ക് സര്‍ക്കാര്‍ തന്നെ രൂപം നല്‍കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ പി എസ് സി നടത്തുന്ന പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും കടന്നുവന്ന്, റാങ്ക് ലിസ്റ്റില്‍ സ്ഥാനം നേടി, ഓരോ വകുപ്പിലും വന്നെത്തുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഒരാള്‍ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളമല്ലാതെ, മറ്റു വഴികളില്‍ വരുമാനമുണ്ടാക്കാന്‍ പാടില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ അടക്കം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കുണ്ട്. അങ്ങനെ ചെറുപ്പകാലം പൂര്‍ണമായി സര്‍ക്കാര്‍ സേവനത്തിന് വിനിയോഗിക്കപ്പെടുന്നു. അങ്ങനെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ അവരുടെ ജീവിതം, കുടുംബത്തിന്റെ ജീവിതം അനാഥമാകാന്‍ പാടില്ല. വിശാലമായ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്ന് 1957 ല്‍ ആണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ഉറപ്പായത്. തുടര്‍ന്നുവന്ന കാലഘട്ടത്തില്‍ ശമ്പള പരിഷ്‌ക്കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌ക്കരണവും ഉണ്ടായതിനാല്‍, പെന്‍ഷന്‍ തുകയില്‍ കാലാനുസൃതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍.

    1957 ന് ശേഷമാണ് കേരളത്തിലെ സിവില്‍ സര്‍വീസ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായി മാറുന്നത്. സിവില്‍ സര്‍വീസിന്റെ വളര്‍ച്ചയും അതിനുശേഷമാണ്. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാനും തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കാനും റവന്യൂ വകുപ്പിന് ചുമതലയുണ്ടായപ്പോള്‍ ആ വകുപ്പ് വളര്‍ന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം വ്യാപകമായി നല്‍കാന്‍ തീരുമാനമുണ്ടായപ്പോള്‍ വിദ്യാഭ്യാസ വകുപ്പും സൗജന്യ ചികിത്സ വ്യാപകമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരോഗ്യ വകുപ്പും വളര്‍ന്നു. കൂടുതല്‍ വകുപ്പുകള്‍ ഉണ്ടായതും സിവില്‍ സര്‍വീസ് വളര്‍ന്നതും എല്ലാം ജനനന്മ ലക്ഷ്യമാക്കിയിട്ടുള്ള സര്‍ക്കാരുകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സിവില്‍ സര്‍വീസിന്റെ വളര്‍ച്ചയിലൂടെ കേരളവും വളര്‍ന്നു. സാധാരണ ഇന്ത്യക്കാര്‍ ജീവിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നവരായി മലയാളികള്‍ മാറി.